Wednesday, November 13, 2013

കഷ്‌ടം എന്നേ പറയാവൂ!

ദൈവം നീതിമാനായ വിധികര്‍ത്താവാണ്‌. അക്രമവും അനീതിയും കാണിക്കുന്നവനോട്‌
കണക്കുതീര്‍ക്കാന്‍ അവന്‍ അധികകാലം കാത്തിരിക്കാറില്ല. അണു അളവ്‌ തിന്മ
ചെയ്യുന്നവന്‍ അതിന്റെ പ്രതിഫലം അനുഭവിച്ചേ തീരൂ. മുജാഹിദ്‌ (എ പി)
വിഭാഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പിളര്‍പ്പാണ്‌ ഇപ്പോള്‍
ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്‌.
മുജാഹിദ്‌ പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിന്‌ കൃത്യം പത്ത്‌
വയസ്സാകുമ്പോള്‍ എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി നേതൃത്വം കൊടുക്കുന്ന
വിഭാഗത്തിന്‌ മറ്റൊരു പിളര്‍പ്പിനുകൂടി കാരണമാകുന്ന നടപടി
കൈക്കൊള്ളേണ്ടിവന്നിരിക്കുന്നു. ആദ്യതവണ യുവജന സംഘടനാ നേതൃത്വത്തെ
പിരിച്ചുവിട്ടാണ്‌ പിളര്‍പ്പ്‌ പൂര്‍ത്തിയാക്കിയതെങ്കില്‍, ഇത്തവണയും
വിദ്യാര്‍ഥി-യുവജന സംഘടനാ നേതൃത്വങ്ങളെ പിരിച്ചുവിട്ടാണ്‌
രണ്ടാംപിളര്‍പ്പിന്‌ കാരണം സൃഷ്‌ടിച്ചിരിക്കുന്നത്‌. ഒരു
വ്യത്യാസമേയുള്ളൂ; ഒന്നാംതവണ യുവജന സംഘടനയെ പിരിച്ചുവിടുന്നതിന്‌
ഉന്നയിച്ച കാരണങ്ങള്‍ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവും
ബാലിശവുമായിരുന്നെങ്കില്‍ രണ്ടാം പിരിച്ചുവിടലിന്‌ ഉന്നയിക്കുന്നത്‌
പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ നിന്ന്‌ യുവജനവിഭാഗം പൂര്‍ണമായും
വ്യതിചലിച്ചു എന്നതാണ്‌.
2002ല്‍ ഐ എസ്‌ എമ്മിനെ പിരിച്ചുവിടാനും ഹുസൈന്‍ മടവൂരിനെതിരെ ആദര്‍ശ വ്യതിയാനം ആരോപിക്കാനും ചാര്‍ജ്‌ഷീറ്റ്‌ തയ്യാറാക്കിയ വ്യക്തി ഇപ്പോള്‍ മുജാഹിദ്‌ സംഘടനയില്‍ തന്നെയില്ല. മാത്രമല്ല, മുജാഹിദ്‌ സംഘടന തന്നെ
അനാവശ്യമാണെന്ന വാദവുമായി പുതിയ പാര്‍ട്ടിയുണ്ടാക്കി ജീവിക്കുകയാണദ്ദേഹം.
അദ്ദേഹത്തിന്റെ വ്യതിയാന സിദ്ധാന്തങ്ങള്‍ ഏറ്റുപിടിച്ച്‌ കണ്‌ഠക്ഷോഭം
നടത്തുകയും പിളര്‍പ്പിനുശേഷം കെ എന്‍ എം (എ പി) വിഭാഗം വിശ്വസ്‌തതയോടെ
നിയമിച്ച അഡ്‌ഹോക്ക്‌ കമ്മിറ്റിയുടെ അമരക്കാരില്‍ ഒരാളാവുകയും ചെയ്‌ത
മാന്യദേഹമാണിപ്പോള്‍ കടുത്ത ശിര്‍ക്കന്‍ പ്രചാരണങ്ങളിലേക്ക്‌ മുജാഹിദ്‌
യുവാക്കളെ തെളിച്ച്‌, ഒടുവില്‍ പുറത്താക്കലിന്‌ വിധേയനായത്‌.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മറ്റൊരു മുജാഹിദ്‌ വിഭാഗംകൂടി
രൂപീകരിക്കാന്‍ പോകുകയാണെന്നാണറിയുന്നത്‌.
ഏറ്റവുമൊടുവില്‍ കോഴിക്കോട്ടു നടന്ന സംസ്ഥാന സമ്മേളനത്തില്‍ മുജാഹിദ്‌ (എ
പി) വിഭാഗത്തിന്‌ ഏറ്റവും വലിയ തലവേദന സൃഷ്‌ടിച്ചത്‌ സ്വന്തം അണികള്‍
തന്നെയായിരുന്നു. വിദ്യാര്‍ഥി, യുവജന നേതാക്കളില്‍ പലരെയും
അടുപ്പിച്ചില്ല. നവോത്ഥാനം പ്രമേയമായുള്ള സമ്മേളനത്തില്‍ അന്ധവിശ്വാസ
പ്രചാരണം നടത്തിക്കളയുമോ എന്ന ഭീതികൊണ്ടാണത്രെ വിദ്യാര്‍ഥി, യുവജന
നേതാക്കളില്‍ പ്രമുഖരെ പോലും സ്റ്റേജില്‍ കയറ്റാതിരുന്നത്‌.
തങ്ങള്‍ക്കൊപ്പം നില്‌ക്കുമെന്ന്‌ കരുതി വേദി അനുവദിച്ച പണ്ഡിതനാകട്ടെ,
കരണംമറിയുകയും ചെയ്‌തു. ഇപ്പോള്‍ ഇദ്ദേഹമാണ്‌ താരം.
സംഘടനയിലെ ഒറ്റപ്പെട്ട വ്യക്തികള്‍ നടത്തുന്ന അച്ചടക്ക ലംഘനത്തെ
അടിച്ചമര്‍ത്താന്‍ മുന്‍ കെ എന്‍ എം നേതൃത്വം ആര്‍ജവം
കാണിക്കാതിരുന്നതാണ്‌ ഒന്നാംപിളര്‍പ്പിനു കാരണം. വ്യവസ്ഥാപിതമായി
പ്രവര്‍ത്തിച്ചുവരികയായിരുന്ന യുവജന നേതൃത്വത്തെ തല്‍പ്പര കക്ഷികളായ
ഉപജാപ വൃന്ദത്തിനുവേണ്ടി പിരിച്ചുവിടുമ്പോള്‍, അതിന്റെ പ്രത്യാഘാതം
ഓര്‍ക്കേണ്ടതായിരുന്നു. എന്നാല്‍, ലക്കും ലഗാനുമില്ലാത്ത ഒരുപറ്റം
പ്രഭാഷകര്‍, എതിരാളികളെ നിലംപരിശാക്കാന്‍ മാരകമായ വാക്കുകളും
പ്രയോഗങ്ങളും എടുത്തുപയോഗിച്ചപ്പോള്‍ അതിന്‌ പിന്തുണ നല്‍കുകയോ
മൗനാനുവാദം നല്‍കുകയോ ആണ്‌ മാതൃസംഘടന ചെയ്‌തത്‌. ഒടുവില്‍ ആ ചാട്ടുളി
സ്വന്തം നെഞ്ചിനു നേരെ തന്നെ പ്രയോഗിച്ചുതുടങ്ങിയപ്പോഴാണ്‌ അവര്‍ക്ക്‌
കണ്ണുതുറക്കേണ്ടിവന്നത്‌.
ഈ പിളര്‍പ്പ്‌, എല്ലാ സംഘടനകള്‍ക്കും വ്യക്തമായ ചില പാഠങ്ങള്‍
നല്‍കുന്നുണ്ട്‌. തീവ്രതയെ പാലൂട്ടി വളര്‍ത്തിയാല്‍ അത്‌ പാലൂട്ടിയ
കരങ്ങളെ തന്നെ തിരിച്ചുകൊത്തുമെന്നതാണ്‌ അതില്‍ ഏറ്റവും പ്രധാനം.
വിവേകവും യാഥാര്‍ഥ്യ ബോധവുമില്ലാതെ ആള്‍ക്കൂട്ടത്തിന്റെ കയ്യടി നേടാന്‍
വാചാടോപം നടത്തുന്ന പ്രഭാഷകരെ കയറൂരി വിട്ടാല്‍, സംഘടന ഒടുവില്‍
നോക്കുകുത്തിയാകുമെന്നതാണ്‌ രണ്ടാം പാഠം. ഒരു സംഘടനയുടെ നയവും നിലപാടും
കൈക്കൊള്ളേണ്ടത്‌ അതിന്റെ ഔദ്യോഗിക വേദികളിലായിരിക്കണം. തെരുവ്‌
പ്രാസംഗികര്‍ നയനിലപാടുകള്‍ നിശ്ചയിക്കുകയോ, അവര്‍ക്കുവേണ്ടി നേതൃത്വം
അയഞ്ഞുകൊടുക്കുകയോ ചെയ്‌താല്‍ ഇതിലപ്പുറവും സംഭവിക്കും.
ഏതായാലും സാക്ഷാല്‍ മുജാഹിദ്‌ പ്രസ്ഥാനം എവിടെയാണെന്ന്‌ നാട്ടുകാര്‍ക്ക്‌
ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്‌. വിദേശ ശൈഖുമാരുടെയും പണക്കാരുടെയും
പണപ്പെട്ടി മുന്നില്‍വെച്ച്‌, സ്വന്തം പൈതൃകങ്ങള്‍ കണക്കിലെടുക്കാതെ
മുന്നോട്ടു പോകുമ്പോള്‍ അതിന്‌ പിന്തിരിപ്പന്‍ പ്രകൃതം ഉണ്ടാവുക
സ്വാഭാവികം മാത്രം. 2002ല്‍ ഐ എസ്‌ എമ്മിനെ
പിരിച്ചുവിടാന്‍ ന്യായമായി ഉന്നയിച്ച എല്ലാ വാദങ്ങളും ആ
പിന്തിരിപ്പത്തത്തെയാണ്‌ പ്രതിനിധീകരിച്ചത്‌. ആ നവയാഥാസ്ഥിതികതയെ
സംഘടനാവത്‌കരിച്ചു വളര്‍ത്തിയതിന്റെ പരിണതിയാണ്‌ ഇന്ന്‌ നാം കാണുന്നത്‌.
ഇനിയെങ്കിലും ഈ മഹത്തായ പ്രസ്ഥാനം തെരുവില്‍
കൊത്തിവലിക്കപ്പെടാതിരിക്കാന്‍ ബഹുമാന്യ നേതാക്കള്‍ വിവേകം
കാണിക്കുമെന്ന്‌ ആശിക്കട്ടെ.
 

Source: http://forum.ismkerala.org/

 

No comments:

Post a Comment